ജീവിക്കുന്ന ഭാഷകളെല്ലാം മാറും.  മാറ്റമാണ് ഏതു ഭാഷയുടെയും ജീവന്‍ എന്നു പറയുന്നതാണ് ശരി. എഴുത്തു ഭാഷയില്‍ സംഭവിക്കുന്നതിനു മുമ്പ് സംസാരഭാഷയില്‍ മാറ്റങ്ങളുണ്ടാകുന്നു. ഈ മാറ്റം പ്രധാനമായും  പദസഞ്ചയം, ഉച്ചാരണം, വ്യാകരണം എന്നിവയിലാണ് സംഭവിക്കുന്നത്. പുതിയ വാക്കുകളുണ്ടാകുന്നു. ഉച്ചാരണരീതി മാറുന്നു. വാക്യഘടനയില്‍ പുതുമ സൃഷ്ടിക്കുന്ന രീതിയില്‍ വ്യാകരണം മാറിമറിയുന്നു. അടിപൊളി, ട്രോളന്‍,  കിടു എന്നിങ്ങനെ അമ്പതുകൊല്ലം മുമ്പില്ലാതിരുന്ന എത്രയോ പുതിയ വാക്കുകള്‍ ഇന്ന്  മലയാളത്തിലുണ്ടെന്ന് ആലോചിച്ചു നോക്കൂ. ഭാഷയിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങള്‍ ഭാഷയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും.  മാറ്റങ്ങളെ പ്രതിരോധിച്ച ഭാഷകളൊക്കെ മരിച്ചു. സംസ്കൃതം തന്നെയാണ് ഒരുണ്ട ഉദാഹരണം.

             പഞ്ചേന്ദ്രിയങ്ങളിലൂടെ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ മറ്റേതു ജന്തുവിനെക്കാളും  കഴിവുള്ളത് മനുഷ്യനാണ്. ഒപ്പം സ്വന്തം ആശയങ്ങള്‍ മറ്റുള്ളവരിലേക്ക് കൈമാറുന്നതിലും ആസൂത്രിതമായ വിനിമയസാമഗ്രികള്‍ ഉപയോഗിക്കാന്‍ മനുഷ്യനറിയാം.  പരസ്പരാംഗീകാരമുള്ള ആശയവിനിമയത്തിന് സഹായിക്കുന്ന നിരവധി ഉപാധികളില്‍ പ്രധാനപ്പെട്ടത്  ഭാഷയാണ്.
              ഒരു ഭാഷാസമൂഹത്തില്‍ ജീവിക്കുന്ന ആളുകള്‍ പരസ്പരാംഗീകാരത്തോടെ  നടത്തുന്ന ശബ്ദവിനിമയം മാത്രമാണ് ഭാഷ.   ഒരു കുഞ്ഞും ഏതെങ്കിലുമൊരു പ്രത്യേകഭാഷാപ്രാവീണ്യത്തോടുകൂടി  ജനിക്കുന്നില്ല. ചുറ്റുമുള്ളവര്‍ അന്യോന്യം ആശയവിനിമയം നടത്തുമ്പോള്‍ കേള്‍ക്കുന്ന ശബ്ദങ്ങളില്‍ നിന്നാണ് കുഞ്ഞ് അതിന്‍റെ ഭാഷ പഠിക്കുന്നത്. ജനിക്കുന്ന ഭാഷാസമൂഹമല്ല,  ഏതു ഭാഷാസമൂഹത്തിലാണ് കുഞ്ഞ് വളരുന്നതെന്നതാണ് പ്രധാനം.  മുംബൈയില്‍ ജനിച്ചു വളരുന്ന മലയാളി ദമ്പതികളുടെ കുഞ്ഞ്  എത്ര വേഗമാണ് ഹിന്ദിയോ മറാത്തിയോ പഠിക്കുന്നതെന്നു നോക്കൂ. അച്ഛനുമമ്മയും മലയാളം സംസാരിക്കാതിരിക്കുകയാണെങ്കില്‍ ആ കുഞ്ഞ് മലയാളം പഠിക്കുകയേയില്ല.
എല്ലാ ഭാഷാസമൂഹത്തിനും അതിന്‍റേതായ ഒരു ഉച്ചാരണരീതിയുണ്ട്. സ്വരഭാരമുണ്ട്.  സ്വരഭാരമില്ലാതെ സംഭാഷണത്തിന് നിലനില്‍പില്ല. സ്വരഭാരത്തിന്‍റെ ഏറ്റക്കുറച്ചിലാണ് ഉച്ചാരണത്തിന്‍റെ തനിമ.  ഉച്ചാരണഭേദത്തെ നമ്മുടെ അനന്യതയുടെ അത്യന്താപേക്ഷിതഘടകമായി ഭാഷാശാസ്ത്രജ്ഞന്മാര്‍ കരുതുന്നു. ബംഗാളിയും മലയാളിയും തമിഴനും  ഇംഗ്ളീഷ്ഭാഷ ഉച്ചരിക്കുന്നത് എത്ര വ്യത്യസ്തമായിട്ടാണ്. കേട്ടുവളരുന്ന മാതൃഭാഷയുടെ സ്വനസമ്പ്രദായമാണ് ഈ വ്യത്യാസത്തിന് കാരണം. ഉച്ചാരണഭേദം ശ്രവണപരമാണ്. കേള്‍ക്കുന്നതാണ്  ഉച്ചരിക്കുന്നത്. മലയാളത്തിലെ 'ഴ' പാശ്ചാത്യന് വഴങ്ങാത്തതു തന്നെ ഏറ്റവും നല്ല ഉദാഹരണം. അതാതുഭാഷയിലെ സ്വനസമ്പ്രദായമാണ്  ഉച്ചാരണരീതിയെ സ്വാധീനിക്കുന്ന പ്രധാനഘടകം.  

Comments

Popular posts from this blog

LESSON FROM JOE GERARD

Budha Nature